കൊട്ടിയൂർ (കണ്ണൂർ): നെല്ലിയോടിയിലെ പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. കിഷോർമുള്ളൻ കുഴിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 125 പന്നികളാണുള്ളത്. പന്നികളെ പൂർണമായി കൊന്നൊടുക്കാൻ തീരുമാനിച്ചു. നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റൊരു ഫാമിലെയും പന്നികളെ കൊല്ലുന്നതിനും തീരുമാനിച്ചു. ഈ ഫാമിൽ 65 പന്നികളുമുണ്ട്. തീവ്രത കുറഞ്ഞ വിഭാഗത്തിൽ ഉള്ള പന്നിപ്പനിയാണ് വ്യാപിച്ചിട്ടുള്ളത്. 45 ദിവസത്തിലധികം കാലം പന്നികൾ ജീവനോടെ ഉണ്ടാകുമെന്നതാണ് ഈ തരം പനിയുടെ പ്രത്യേകത. നടപടി ക്രമങ്ങൾ തീരുമാനിക്കാൻ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിൽ യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം അധ്യക്ഷനായിരുന്നു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ.വി.പ്രശാന്ത്, ചീഫ് വെറ്ററിനറി സർജൻ പി.ബിജു, എഡിസിപി ജില്ല കോർഡിനേറ്റർ കെ.എസ്.ജയശ്രീ, സീനിയർ വെറ്ററിനറി സർജൻ ഡോ.പി.എൻഷിബു, വെറ്ററിനറി സർജൻ ഡോ.അഞ്ജു മേരി ജോൺ, ലൈവ് സറ്റോക്ക് ഇൻസ്പെക്ടർ ഇ എം നാരായണൻ കേളകം എസ്ഐ. എം. രമേശൻ, കൊട്ടിയൂർ വില്ലേജ് ഓഫിസർ പി.എം ഷാജി, ' ഫയർ ഓഫിസർ മിഥുൻ മോഹൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന ജോർജ്, പഞ്ചായത്തംഗങ്ങളായ ബാബു മാങ്കോട്ടിൽ, ജോണി ആമക്കാട്ട്, ബാബു കാരുവേലിൽ, ജെസി ഉറുമ്പിൽ മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊന്നൊടുക്കുന്ന പന്നികളുടെ നഷ്ടപരിഹാര തുക ഫാം ഉടമയ്ക്ക് നൽകും. പ്രദേശത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.
African swine fever in rice fields: 190 pigs will be killed.